‘രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്’: ഫ്‌ലയിങ് കിസ് വിവാദത്തിൽ സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടെ ‘ഫ്‌ലയിങ് കിസ്’ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം മോശം പെരുമാറ്റമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഒരു പുരുഷൻ പാർലമെന്റിൽ ഏറ്റവും നിന്ദ്യമായ പെരുമാറ്റം കാഴ്ചവച്ചെന്നും സ്മൃതി കൂട്ടിച്ചേർത്തു.

സ്വന്തം പ്രവർത്തി ഓർത്ത് രാഹുൽ ഗാന്ധിക്കാണ് ലജ്ജ തോന്നേണ്ടത്. തനിക്കോ മറ്റു സ്ത്രീകൾക്കോ അതിൽ നാണക്കേടു തോന്നേണ്ട ആവശ്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ”ഗാന്ധിയുടെ പരമ്പരയിൽപ്പെട്ട ഒരാൾക്ക് പാർലമെന്റിലെ കാര്യങ്ങളിൽ ചിലപ്പോൾ താൽപര്യം ഉണ്ടാകില്ല.

അവിടെ സംഭവിച്ച കാര്യം ഒരു വനിതാമന്ത്രിക്ക് പ്രസന്നമുഖത്തോടെ പറയാൻ സാധിക്കില്ല. അദ്ദേഹം ചെയ്തകാര്യം സന്തോഷത്തോടെ പാർലമെന്റിൽ സംസാരിക്കാൻ സാധിക്കുമോ? എന്തിന് ഞാൻ സഹിക്കണം? അദ്ദേഹത്തിനാണ് ലജ്ജ തോന്നേണ്ടത്, എനിക്ക് അല്ല. പാർലമെന്റിൽ നമ്മുടെ രാജ്യത്തെ അപമാനിച്ചത് ഞാനോ മറ്റു സ്ത്രീകളോ അല്ല.”- സ്മൃതി ഇറാനി പറഞ്ഞു. ഭരണഘടനയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥലത്താണ് ഇതു സംഭവിച്ചതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ”ജനങ്ങളുടെ വീടാണ് അത്. സ്ത്രീകളെ ബഹുമാനിക്കാണ് നിയമം പഠിപ്പിക്കുന്നത്.”- സ്മൃതി ഇറാനി പറഞ്ഞു. രാഹുലുമായുള്ള രാഷ്ട്രീയപോരാട്ടത്തെ കുറിച്ചും സ്മൃതി ഇറാനി പറഞ്ഞു. ”അദ്ദേഹം അദ്ദേഹത്തിന്റെ പാർട്ടിയുടെ ഉടമയാണ്. ഞാൻ എന്റെ പാർട്ടിയിലെ പ്രവർത്തകയും.”- സ്മൃതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *