11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കുഞ്ഞിനെ കൊന്ന് അച്ഛൻ

11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കുഞ്ഞിനെ കൊന്ന് അച്ഛൻ. ആസാമിലെ ബജാലി ജില്ലയിലാണ് ക്രൂരത. സംഭവത്തിൽ ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കർ(35)നെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു ഡോക്ടർക്കെതിരെയും കേസുണ്ട്.

നാല് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാമെന്ന് നിരഞ്ജൻ പ്രദേശത്ത് തന്നെയുള്ള ദമ്പതികൾക്ക് വാക്കു നൽകിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടർ ദിഗാന്തയുടെ ഒത്താശയോടു കൂടിയായിരുന്നു ഇത്. കുഞ്ഞിന്റെ ജനനം നടന്ന ആഗസ്റ്റ് 7ന് തന്നെ ഇയാൾ വിൽപനയ്ക്ക് ശ്രമം നടത്തിയെങ്കിലും ബന്ധുക്കൾ തടഞ്ഞിരുന്നു. തുടർന്ന് അന്നു തന്നെ ഇയാൾ കുഞ്ഞിനെയുമായി കടന്നു കളഞ്ഞു. പിന്നീട് കുഞ്ഞിന്റെ മരണവാർത്തയാണ് ബന്ധുക്കളറിയുന്നത്.

നിരഞ്ജൻ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. കുഞ്ഞിനെ സംസ്‌കരിച്ചതെവിടെയാണെന്നും ഇയാൾ വെളിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയും ബിസനാല നദിക്ക് സമീപത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനയച്ചിരിക്കുകയാണ്.

കുഞ്ഞുണ്ടായത് മുതൽ കുഞ്ഞിനെ വിൽക്കുന്ന കാര്യമാണ് നിരഞ്ജൻ സംസാരിച്ചിരുന്നതെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. പണം വാങ്ങിയതിനാൽ കുഞ്ഞിനെ കൊടുക്കാതിരിക്കാൻ കഴിയില്ലെന്നായിരുന്നു ഇയാളുടെ വാദം. കുഞ്ഞിനെ വിൽക്കാൻ ഡോക്ടറുടെ ഭാഗത്ത് നിന്നും സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

നിലവിൽ ഒളിവിലാണ് രണ്ടുപേരും. ഇരുവർക്കുമായി അന്വേഷണം ഊർജിതമാക്കിയതായി ബജാലി എസ്പി സിദ്ധാർഥ കുമാർ ബുരഗൊഹെയ്ൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *