വിഎസ്‌എസ്‌സി പരീക്ഷ തട്ടിപ്പിൽ നാലുപേർ കസ്റ്റഡിയിൽ; പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ്

വിഎസ്‌എസ്‌സി (വിക്രം സാരാഭായ് സ്പേസ് സെന്റർ) പരീക്ഷ തട്ടിപ്പിൽ ഹരിയാന സ്വദേശികളായ നാലുപേർ കൂടി കസ്റ്റഡിയിൽ. തട്ടിപ്പിനു പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്നും വ്യക്തമായി.

സുനിൽ, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവർ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരിൽ പരീക്ഷ എഴുതിയ ആളുടെ യഥാർഥ പേര് മനോജ് കുമാർ എന്നാണ്. ഗൗതം ചൗഹാൻ എന്ന ആളാണ് സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻലോബിയുടെ ഭാഗമാണ് ആൾമാറാട്ടം നടത്തിയവരെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ആള്‍മാറാട്ടക്കാർക്കു വൻതുകയാണ് നൽകുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനത്തിലേക്ക് ആളുകളെ അയയ്ക്കുന്ന വലിയ തട്ടിപ്പുസംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിയാനയിലെ കോച്ചിങ് സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കോച്ചിങ് സെന്റർ നടത്തിപ്പുകാരനാണ് തട്ടിപ്പിലെ മുഖ്യപ്രതി. ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാർഥികളിൽ നിന്ന് വൻതുക വാങ്ങിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ ഇയാൾക്ക് ഒരു സംഘമുണ്ട്. ആ സംഘത്തിലുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

വിമാനത്താവളത്തിനു സമീപം തന്നെയാണ് ഇവർ താമസിച്ചിരുന്നത്. പരീക്ഷ എഴുതിയ ശേഷം പന്ത്രണ്ടുമണിയോടെ പോകുകയായിരുന്നു ലക്ഷ്യം. കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഹിന്ദി മാത്രമാണ് ഇവർക്ക് അറിയാവുന്ന ഭാഷ. ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് യഥാർഥ പേരുകൾ കണ്ടെത്തിയത്.

ഇതേസംഘം നോയിഡയിൽ പരീക്ഷ എഴുതാൻ പോയിരുന്നു. പരിശോധന ശക്തമായതിനാൽ അവിടെ പരീക്ഷ എഴുതാൻ സാധിച്ചില്ല. ആൾമാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നൽകും. ഉദ്യോഗാർഥിയുടെ സിംകാർഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് പതിവുരീതി. മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് ഏജന്റുമാർക്ക് അയച്ചു കൊടുക്കും. തുടർന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞു കൊടുക്കും. സംഭവത്തിൽ പുറത്തു നിന്ന് സഹായം നൽകിയ നാലുപേരെ കൂടി മെഡിക്കൽ കോളജ്–മ്യൂസിയം പൊലീസ് പിടികൂടി. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘം ഹരിയാനയിലേക്കു പോകും.

Leave a Reply

Your email address will not be published. Required fields are marked *