ആഗോള വിപണിയില്‍ എണ്ണ ലഭ്യതയില്‍ കുറവ്; ക്രൂഡ് ഓയില്‍ വില വീണ്ടും ഉയർന്നു

എണ്ണ ഉൽപ്പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനവും കയറ്റുമതിയും വെട്ടികുറച്ചതോടെ ആഗോള എണ്ണവിപണിയില്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് എണ്‍പത്തിയാറ് ഡോളര്‍ വരെയെത്തി. വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ലഭ്യതയിലും കുറവ് രേഖപ്പെടുത്തി.

മാസങ്ങള്‍ക്ക് ശേഷം ആഗോള എണ്ണ വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമാക്കി വിപണി വിലയില്‍ വർധനവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന് 75 സെന്റ് ഉയര്‍ന്ന് ബാരലിന് 85.55 ഡോളര്‍ വരെയെത്തി. ഇന്റര്‍മീഡിയറ്റ് ക്രൂഡിന് 80 സെന്റ് ഉയര്‍ന്ന് ബാരലിന് 82.05 ഡോളറിലുമെത്തി. ഉല്‍പ്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ കുറവ് വന്നതാണ് വിലവര്‍ധനവിന് ഇടയാക്കിയത്. ഉല്‍പ്പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെ ആഗോള വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചു.

ഒപെക് കൂട്ടായ്മ രാഷ്ട്രങ്ങള്‍ വിലയില്‍ വര്‍ധനവ് വരുത്തിയതിനാൽ ചൈനീസ് കമ്പനികള്‍ സ്റ്റോക്കെടുക്കുന്നത് വെട്ടികുറച്ചിട്ടുണ്ട്. ഇത് സൗദിയില്‍ നിന്നുള്‍പ്പെടെയുള്ള എണ്ണ കയറ്റുമതിയില്‍ കുറവ് വരാൻ ഇടയാക്കി. ചൈനയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 31 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. എന്നാല്‍ റഷ്യ- ചൈന കരാര്‍ നിലനിൽക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കുള്ള റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *