‘വാർത്ത വ്യാജം’: ഹീത്ത് സ്ട്രീക്ക് അന്തരിച്ചിട്ടില്ലെന്ന് സഹതാരം ഒലോങ്ക

സിംബാബ്വെയുടെ മുൻ ക്രിക്കറ്റർ ഹീത്ത് സ്ട്രീക്ക് മരിച്ചെന്നത് വ്യാജ വാർത്ത. ഇക്കാര്യം സ്ഥിരീകരിച്ച് സഹതാരം ഹെൻറി ഒലോങ്ക രംഗത്ത് എത്തി. എക്സിലൂടെ(ട്വിറ്റർ)യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ തേർഡ് അമ്പയർ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നായിരുന്നു ഒലോങ്കയുടെ ട്വീറ്റ്. ‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ഇല്ലാത്തതാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. ഇക്കാര്യം എനിക്ക് അവനിൽ നിന്ന് തന്നെ മനസിലായി. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു’- ഇങ്ങനെയായിരുന്നു ഒലോങ്കയുടെ ട്വീറ്റ്. ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ചാറ്റ് സ്ട്രീക്കിന്റേതാണെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റിൽ നിന്നും മനസിലാകുന്നത്.

ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെ ഒലോങ്ക അടക്കമുള്ള പ്രമുഖ താരങ്ങൾ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിൻറെ ആദ്യ പകുതിയിലും സിംബാബ്വെ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റൺസും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാൾ കൂടിയാണ്.

2005 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻരെയും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ക്യാൻസർ ചികിത്സയിൽ അദ്ദേഹം തുടരുകയാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *