‘ചന്ദ്രയാൻ 3ന്റെ ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണം’; ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുന്നുവെന്ന് ഇസ്റോ

മുൻനിശ്ചയപ്രകാരം ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ തുടങ്ങുമെന്ന് ഇസ്റോ അറിയിച്ചു. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04ന് ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്നും ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുന്നുവെന്നും ഇസ്റോ അറിയിച്ചു. 

വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങുക. ലാൻഡറിലെ 4 ത്രസ്റ്റര്‍ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിങ് വിജയകരമായാൽ 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും.

എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്ന് ഇസ്റോ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ 3 ലാൻഡറിന്റെ വേഗം, നിശ്ചയിച്ചതുപോലെ കുറയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലാണു ലാൻഡിങ് 27ലേക്ക് മാറ്റുക. 

Leave a Reply

Your email address will not be published. Required fields are marked *