വയനാട് കണ്ണോത്ത്മല ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ അമ്മയും മകളും. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് കൊടുംവളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മരിച്ച ഒൻപതു പേരും സ്ത്രീകളാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന് ഭാര്യയെയും മകളെയും നഷ്ടമായി. പദ്മനാഭന്റെ ഭാര്യയാണ് അപകടത്തിൽ മരിച്ച ശാന്ത. ചിത്രയാണ് മകൾ.
ജീപ്പ് ഡ്രൈവർ മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഇയാൾ പറഞ്ഞു. ഡോക്ടർമാർ വിവിധ സംഘങ്ങളായി രാവിലെ പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹങ്ങൾ ഉച്ചയ്ക്ക് 12ന് മക്കിമല എൽപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷമാണ് സംസ്കാരം.
അപകടത്തിൽ മരിച്ചവരുടെ സംസ്കാരച്ചെലവുകൾക്കായി അടിയന്തരമായി 10,000 രൂപ വീതം അനുവദിക്കാൻ വയനാട് മെഡിക്കൽ കോളജ് സന്ദർശിച്ച മന്ത്രി എ.െക.ശശീന്ദ്രൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. അപകടത്തിൽപ്പെട്ടവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ അറിയിച്ചു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.