ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായർ. നൃത്തത്തെ കുറിച്ച് റൂമിയുടെ ഉദ്ധരണി സഹിതമുള്ള ഡാൻസ് വീഡിയോ ആണ് നവ്യ പങ്കുവച്ചത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. ‘നിങ്ങൾ തകർന്നിരിക്കുമ്പോൾ വിടർന്നു നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകൾ വലിച്ചുകീറുമ്പോൾ. പോർമധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം ചെയ്യൂ’ – എന്ന ജലാലുദ്ദീൻ റൂമിയുടെ ഉദ്ധരണിയാണ് വീഡിയോക്ക് ഒപ്പം ചേർത്തിട്ടുള്ളത്.
സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കേസിൽ നവ്യയെ ഇഡി ചോദ്യം ചെയ്ത വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സച്ചിനിൽ നിന്ന് നവ്യ ആഭരണങ്ങൾ കൈപറ്റിയതായി ഇഡി പറയുന്നു. എന്നാൽ സമ്മാനങ്ങൾ കൈപറ്റി എന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ലഖ്നൗവിൽ കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ആയിരിക്കെ കള്ളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റു ചെയ്തത്. മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡപ്യൂട്ടി ഡയറക്ടർ ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവ്യാ നായരുമായുള്ള സൗഹൃദം ഇഡി കണ്ടെത്തിയത്.