അച്ഛനെ അറിയുന്ന പോലെ ചാണ്ടി ഉമ്മനെയും അറിഞ്ഞിട്ടുണ്ട്, പഠിപ്പും അറിവും കഴിവുമുള്ള സ്ഥാനാർഥി; ശശി തരൂർ

ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ചാണ്ടി ഉമ്മൻ തയാറാണെന്ന് ശശി തരൂർ എംപി. ചാണ്ടി ഉമ്മൻ പഠിപ്പും അറിവും കഴിവുമുള്ള സ്ഥാനാർഥിയാണെന്നും അച്ഛനെ അറിയുന്ന പോലെ ചാണ്ടി ഉമ്മനെയും അറിഞ്ഞിട്ടുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

‘ഉമ്മൻ ചാണ്ടി പെട്ടെന്ന് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പലരും അദ്ദേഹത്തിന്റെ ഓർമയിലാണ് പ്രചാരണത്തിനിറങ്ങുന്നത്. അദ്ദേഹത്തിന്റെ പാരമ്പര്യം മകൻ മുന്നോട്ടുകൊണ്ടുപോകാൻ തയാറാണ്. അച്ഛനെ അറിയുന്ന പോലെ ചാണ്ടി ഉമ്മനെയും അറിഞ്ഞിട്ടുണ്ട്. പഠിപ്പും അറിവും കഴിവുമുള്ള സ്ഥാനാർഥിയാണ് ചാണ്ടി ഉമ്മൻ. അദ്ദേഹത്തിനു വേണ്ടിയും സംസാരിക്കാൻ എനിക്കു ബുദ്ധിമുട്ടില്ല. 

ഭാരത് ജോഡോ യാത്രയിൽ ചെരിപ്പില്ലാതെ നടന്ന് ആത്മാർഥത കാണിച്ച വ്യക്തിയാണ്. ചാണ്ടി ഉമ്മൻ എല്ലാ വിധത്തിലും പുതുപ്പള്ളിയുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ തയാറായ സ്ഥാനാർഥിയാണ്. പ്രതിപക്ഷം ഇവിടെ നിൽക്കുന്നത് ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടാണ്. സർക്കാർ നിൽക്കുന്നത് അവർ ഇതുവരെ ചെയ്തതിനും ചെയ്യാത്തതിനും വോട്ടുവാങ്ങാനാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർ ഞങ്ങൾക്കാണ് വോട്ടുതരാൻ പോകുന്നത്’ ശശി തരൂർ പറഞ്ഞു. 

ഇത്തവണ ബിജെപി ഭരണം മാറ്റാൻ സാധിക്കും എന്ന് പ്രതീക്ഷയുണ്ടെന്നും ശശി തരൂർ പറഞ്ഞു. ”ഭരിക്കുന്ന രീതി നമ്മൾ കണ്ടിട്ടുണ്ട്. അതിലൊരു മാറ്റം വേണമെന്നത് ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യമാണ്. ഭൂരിപക്ഷം പാർട്ടികൾ ഒരുമിച്ചു നിന്നാൽ ഇത്തവണ ബിജെപി ഭരണം മാറ്റാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. ആർക്കും ബിജെപി ഭരണം തുടരണം എന്ന് ആഗ്രഹമില്ല’ തരൂർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *