ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; തൃശൂരിൽ ശിൽപ്പശാല സംഘടിപ്പിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ തയാറെടുപ്പുകൾ സംബന്ധിച്ച് കലക്ടർമാർക്കും ഡെപ്യൂട്ടി കലക്ടർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കുമായി തൃശൂരിൽ ശനിയാഴ്ച ശിൽപ്പശാല സംഘടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പതിവ് മുന്നൊരുക്കങ്ങളാണെന്ന് ചീഫ് ഇലക്ട്രൽ ഓഫിസറുടെ ഓഫിസ് പ്രതികരിച്ചു.

”ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപു തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങളിൽ തയാറെടുപ്പ് ആരംഭിക്കും. തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങളുമായി ഈ പ്രവർത്തനത്തിന് ബന്ധമില്ല” ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്യുന്നത്. ഓരോ ജില്ലകളിലുമുള്ള വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ച വിലയിരുത്തൽ, അധികമായി വോട്ടിങ് യന്ത്രം ആവശ്യമായി വരുമോ, വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യേണ്ടതിനുള്ള മുന്നൊരുക്കങ്ങൾ, ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും.

കേരളത്തിൽ വോട്ടിങ് യന്ത്രം ആവശ്യമായതിലും അധികമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപായി രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിൽ വോട്ടിങ് മെഷീനുകൾ പരിശോധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം പ്രത്യേക കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *