കരുവന്നൂർ കേസിൽ എ സി മൊയ്തീൻ ഇഡിക്ക് മുന്നിലെത്തും; 11 ന് ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് മുൻ വ്യവസായ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്തീൻ അറിയിച്ചു. ഈ മാസം 11 ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ സി മൊയ്തീൻ അറിയിച്ചത്. ഇ ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചു.

അതേസമയം നേരത്തെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാർ എന്ന് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. ഒന്നാം പ്രതി സതീഷ്‌കുമാർ രണ്ടാം പ്രതി പി പി കിരൺ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഹാജരാക്കിയ പ്രതികളെ കോടതി, വരുന്ന വെള്ളിയാഴ്ച മൂന്ന് മണി വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *