എസ്പിജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ (61) ഡൽഹിയിൽ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1997 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ.

ജാർഖണ്ഡിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന കസേരകളിലെല്ലാം അരുൺ കുമാർ സിൻഹ ഇരുന്നിട്ടുണ്ട്. അരുൺ കുമാർ സിൻഹ ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുൽ ഗയൂമിനെ വധിക്കാൻ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്.

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും എതിരെ നടന്ന ഇമെയിൽ വധഭീഷണി, ലെറ്റർ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. സിൻഹ സിറ്റി പൊലീസ് കമ്മിഷണറായിരിക്കെയാണു നഗരത്തിൽ ക്രൈം സ്റ്റോപ്പർ സംവിധാനം കൊണ്ടുവന്നത്. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിൻഹയ്ക്കു ലഭിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *