കിങ്സ് കപ്പ്; ഇറാഖിനു മുമ്പിൽ പൊരുതി വീണ് ഇന്ത്യ

കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കരുത്തരായ ഇറാഖിനോട് പൊരുതിക്കീഴടങ്ങി ഇന്ത്യ. പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-4) ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം അടിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്കെടുത്ത ബ്രാൻഡൺ ഫെർണാണ്ടസിന്റെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തു പോയതാണ് ഇന്ത്യക്ക് വിനയായത്. ഇറാഖ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

ഇറാഖിന്റെ ആക്രമണങ്ങൾക്കിടെ 16-ാം മിനിറ്റിൽ നയോറം മഹേഷിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്. മികച്ച ടീം ഗെയിമിനൊടുവിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് നൽകിയ നൽകിയ പാസിൽ നിന്നാണ് മഹേഷ് ഗോൾ കണ്ടെത്തിയത്. 28-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽ ഹമദി ഇറാഖിനെ ഒപ്പമെത്തിച്ചു. ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടതിന് ഡിഫൻഡർ സന്ദേശ് ജിങ്കന് മഞ്ഞക്കാർഡും കിട്ടി. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു സ്‌കോർ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് നേടി. ഇറാഖ് ഗോൾകീപ്പറു പിഴവിൽ നിന്നായിരുന്നു ഗോൾ. എന്നാൽ രണ്ടാമത് ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ഇറാഖ് വീണ്ടും ഒപ്പമെത്തി. അവസാന മിനിറ്റുകളിൽ ഇറാഖ് ആക്രമണം കടുപ്പിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉലയാതെ നിന്നു. ഇഞ്ച്വറി ടൈമിൽ റഹീം അലിയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് സിദാൻ ഇഖ്ബാൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. ജയത്തോടെ ഇറാഖ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *