വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു. താനൂർ കാരാട് പഴയവളപ്പിൽ ഫസലു–അഫ്നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണു മരിച്ചത്. രാവിലെ 9.30നാണു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുതിർന്നു നിൽക്കുന്ന മതിൽ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണു നിഗമനം.

ഹോളോ ബ്രിക്സ് കട്ടകൾ കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. ശ‌ബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേർന്നു കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവനാണ് ഫർസീൻ. 

Leave a Reply

Your email address will not be published. Required fields are marked *