പെൺകുട്ടിയെ ശല്യം ചെയ്തിതിനെ ചോദ്യം ചെയ്തു; പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ച് യുവാവ്

എറണാകുളം കോതമംഗലത്ത് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനോട് ഇതേ പറ്റി ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ചു.സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് തൃക്കേപ്പടിയിലെ ശിവന്‍റെ വീടിനാണ് യുവാവ് തീയിട്ടത്. ആക്രമണ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീടിന്‍റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറിയ ബേസിൽ വീടിന് തീവെയ്ക്കുകയായിരുന്നു. ബന്ധു വീട്ടിൽ വിവാഹ ചടങ്ങിന് പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

വീടിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് അയൽവീട്ടുകാർ നാട്ടുകാരെയും ഫയർ ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്.വീട്ടിലെ സാധനങ്ങള്‍ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് തീയിട്ടത് ബേസിലാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളായി വീട്ടുടമയായ ശിവന്‍റെ മകളെ ബേസിൽ പ്രണയ അഭ്യർത്ഥനയുമായി ശല്യം ചെയ്തിരുന്നു. ഇക്കാര്യം ശിവൻ എതിർക്കുകയും ബേസിലിന്‍റെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്‍റെ വൈരാഗ്യമാണ് വീട് തിയിടാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *