വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ സിംഗപ്പൂർ പിന്നിട്ടു; ദൃശ്യങ്ങൾ പങ്കുവെച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യകപ്പൽ സിംഗപ്പൂർ പിന്നിട്ടു. ചൈനയില്‍ നിന്നാണ് വിഴിഞ്ഞത്തേക്കുള്ള കപ്പൽ എത്തുന്നത്. ഷെങ്ഹുവ-15 ചരക്കുക്കപ്പല്‍ സിംഗപ്പൂരിലെത്തിയതിന്റെ ദൃശ്യങ്ങൾ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കുവച്ചു. സിംഗപ്പൂരില്‍ നിന്ന് മലയാളി പകര്‍ത്തിയ ദൃശ്യങ്ങളാണ് മന്ത്രി പുറത്തുവിട്ടത്.”തീരമടുക്കുന്ന വിഴിഞ്ഞം. കേരളത്തിന്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയില്‍നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ഷേങ്ഹുവാ ചരക്കു കപ്പലിന്റെ സഞ്ചാരപഥത്തെ കൗതുകപൂര്‍വ്വം പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂര്‍ പിന്നിട്ട ഷങ്ഹുവായിയെ കുറിച്ച് യാത്രാമധ്യേ സിംഗപ്പൂരിലെത്തിയ ഒരു മലയാളി സുഹൃത്ത് അയച്ചുതന്ന വീഡിയോ ഇവിടെ പങ്കുവെക്കുന്നു. 2023 ഒക്ടോബര്‍ 4 ന് മലയാളി കാത്തിരിക്കുകയാണ്..”- ഇങ്ങനെയാണ് വീഡിയോ പങ്കുവച്ച് അഹമ്മദ് ദേവര്‍കോവില്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഒക്ടോബര്‍ നാലിന് വൈകിട്ട് നാലു മണിക്കാണ് വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്തുകയെന്ന് അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ 28ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി മറ്റ് ചരക്ക് കപ്പലുകളെത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ ക്രെയിനുകള്‍ കൊണ്ടാണ് ആദ്യ കപ്പല്‍ എത്തുന്നത്. അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.

ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം.

Leave a Reply

Your email address will not be published. Required fields are marked *