ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റർ’ ലേലത്തിൽ വിറ്റുപോയത് 9 കോടിക്ക്

ഡയാന രാജകുമാരിയുടെ ഐക്കണിക് റെഡ് ‘ബ്ലാക്ക് ഷീപ്പ്’ സ്വെറ്റർ ലേലത്തിൽ വിറ്റുപോയത് 1.1 മില്യൺ ഡോളറിന്(9,14,14,510.00 കോടി രൂപ). 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റർ റെക്കോഡ് തുകക്കാണ് വിറ്റത്. രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ചുവപ്പു നിറത്തിലുള്ള സ്വെറ്ററിൽ നിരനിരയായി വെളുത്ത ചെമ്മരിയാടുകളെ തുന്നിച്ചേർത്തിരിക്കുന്നു. ഇതിനിടയിൽ ഒരു കറുത്ത ആടുമുണ്ട്. 1981-ൽ ഒരു പോളോ മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് അവർ ആദ്യമായി ഈ വസ്ത്രം ധരിച്ചത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തിനു ശേഷമായിരുന്നു ഇതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. രാജകുടുംബത്തിൽ ഒരു അന്യയെപ്പോലെ തോന്നിയതുകൊണ്ടാണ് രാജകുമാരിക്ക് കറുത്ത ആടിനെ ഇഷ്ടപ്പെട്ടതെന്നാണ് പാപ്പരാസികളുടെ വ്യാഖ്യാനം.

വ്യാഴാഴ്ച സോത്ത്ബിയുടെ ലേലം നടന്നത്. ലേലം വിളി പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്നു. അതേസമയം സ്വെറ്റർ ആരാണ് ലേലത്തിൽ വാങ്ങിയതെന്ന് സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല. ”ഡയാന രാജകുമാരിയുടെ ശാശ്വതമായ പാരമ്പര്യം വഹിച്ചുകൊണ്ട് ഈ പ്രിയപ്പെട്ട സ്വെറ്റർ ഇപ്പോൾ ഒരു പുതിയ വീട് കണ്ടെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.2019-ൽ 334,000 ഡോളറിന് വിറ്റ കുർട്ട് കോബെയ്ൻറെ ഗ്രീൻ കാർഡിഗൻറെ നിലവിലുള്ള റെക്കോഡ് തകർത്തുകൊണ്ട് ലേലത്തിൽ ഇതുവരെ വിറ്റുപോയ ഏറ്റവും വിലകൂടിയ സ്വെറ്റർ കൂടിയാണിത്.

1997 ആഗസ്റ്റ് 31ന് പാരീസിലെ ഒരു കാർ അപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. ഡയാനയുടെ കാമുകൻ എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ വംശജനായ ഡോഡി ഫെയ്ദ്, ഡ്രൈവർ ഹെൻറി പോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. മോട്ടോർ സൈക്കിളിൽ തന്നെ പിന്തുടർന്ന ഒരു കൂട്ടം പാപ്പരാസികളെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡയാനക്ക് അപകടം സംഭവിച്ചത്. അമിത വേഗതയിൽ വന്ന കാർ ഒടുവിൽ ഒരു ഹൈവേയുടെ നടുവിലുള്ള തൂണിൽ ഇടിക്കുകയായിരുന്നു. ഡയാനയുടെ മരണവാർത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു കോടിയോളം ജനങ്ങളാണ് പ്രിയപ്പെട്ട രാജകുമാരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്തത്. രാജകുമാരിയുടെ കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ ഡയാന മെമ്മോറിയൽ ഫണ്ടിലേക്ക് വൻതുക സംഭാവന ലഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *