തെരുവ് നായ ആക്രമണം തുടർക്കഥ; ആലപ്പുഴ മാന്നാറിൽ മൂന്ന് പേർക്ക് പരുക്ക്

ആലപ്പുഴ മാന്നാറിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ, കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് , പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്.

മുറിവ് കൂടുതലായതിനാൽ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ പത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പ്രധാന റോഡിലും ഇടറോഡുകളിലുമായി അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്നത് രാവിലെ നടക്കാൻ പോകുന്നവരും പാൽ, പത്രവിതരണക്കാരുമാണ്. തെരുവുനായ്ക്കള്‍ കാരണം പ്രദേശത്തെ ആളുകളുടെ സ്വൈര്യജീവിതമാണിപ്പോള്‍ തടസപ്പെട്ടിരിക്കുന്നത്. തെരുവുനായ്ക്കളെ ഭയന്ന് കൈയില്‍ വടിയുമായി പോകേണ്ട അവസ്ഥയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷയത്തില്‍ എത്രയും വേഗം അധികൃതര്‍ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *