‘‌ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റും’; സൗദി കിരീടാവകാശി

രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജിഡിപിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചുവെന്ന് കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷത്തിന് ശേഷം വികസന കാഴ്ചപ്പാടായി വിഷൻ 2040 നെ പ്രഖ്യാപിക്കും. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സമഗ്ര പുരോഗതിയും പരിവര്‍ത്തനത്തിനും വേണ്ടി അവതരിപ്പിച്ച വിഷന്‍ 2030 ഞങ്ങളുടെ വലിയ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എപ്പോഴും മെച്ചപ്പെടുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സൗദിയുടെ രീതിയെന്നും കിരീടവകാശി പറഞ്ഞു. സൗദി സന്ദര്‍ശിക്കാന്‍ മടിക്കുന്നവരോട് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതവും സ്ഥിരതയുമുള്ളതാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. നിലവിലുള്ള നിയമങ്ങൾ പലതും ഞങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണ്. ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ ഭരണകൂടം ഇടപെടുന്നില്ലെന്നും കിരീടാവകാശി സൂചിപ്പിച്ചു.

ഇറാനുമായി സൗദി അറേബ്യ പുനഃസ്ഥാപിച്ച ബന്ധം ശക്തിപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരാൻ ആഗ്രഹിക്കുകയും പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു. മേഖലയിലെ ഏത് ആണവായുധ മത്സരവും സൗദിയുടെ സുരക്ഷക്ക് മാത്രമല്ല, ലോകത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാണ്. ഇറാന് ആണവായുധം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ സൗദി അറേബ്യയും സ്വന്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് രാജ്യമാണെങ്കിലും ആണവായുധം സ്വന്തമാക്കുന്നതില്‍ ആശങ്കയുണ്ട്. ഏത് ആണവ ആയുധ മത്സരമാണെങ്കിലും സൗദിയ്ക്ക് മാത്രമല്ല ലോകത്തിന്റെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇറാന് ആണവായുധം നേടാനാകും, സേച്ഛാധിപത്യ ഭരണകൂടം അത് ഉപയോഗിക്കാന്‍ തീരുമാനിച്ചാൽ രാജ്യം ലോകവുമായി വേഗത്തില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുമെന്ന് കിരീടവകാശി പറഞ്ഞു. ലോകത്തിന് മറ്റൊരു ഹിരോഷിമയെ കൂടി താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ക്ലബ് അൽനസ്ർ ടീമിന് ഇറാനിൽ അവിടുത്തെ ജനത നൽകിയ ഊഷ്മള സ്വീകരണം വളരെ സന്തോഷകരമായിരുന്നു. സൗദി ടീമിന് ഇറാന്റെ ഭാഗത്ത് നിന്ന് മനോഹരമായ സ്വീകരണം ഞങ്ങൾ കണ്ടു. ഞങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. റഷ്യയും യുക്രൈനുമായി സൗദിയ്ക്ക് നല്ല ബന്ധമുണ്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ സൗദി പരിശ്രമിക്കുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു. സൗദി ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ജനങ്ങളാണ് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അവരിലൊരാളാണ് താനെന്നും കിരീടവകാശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *