ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ കേസെടുത്താണ് ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിതിനെ (34) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു അറസ്റ്റ് ചെയ്തത്. എസ്.സി., എസ്.ടി. നിയമവും ഇയാള്‍ക്കെതിരെയുണ്ട്.
2023 ഫെബ്രുവരി ഒന്‍പതിനാണ് സംഭവം നടന്നത്. യുവതിയുമായി പത്ത് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഷിതിന്‍ വിവാഹവാഗ്ദാനം നല്‍കി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പ്രണയത്തില്‍നിന്ന് ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചു.
ദളിത് വിഭാഗത്തില്‍ സാമ്പത്തിക പ്രയാസമുള്ള കുടുംബമായതിനാലാണ് ഇയാള്‍ പിന്മാറാന്‍ ഇടയാക്കിയതെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ നിന്നുള്ള വിവരങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.