നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവം; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ശിക്ഷ വിധിച്ചു

ദുബായിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് 10,000 ദിര്‍ഹം വീതം പിഴയും രണ്ടുമാസം തടവും ശിക്ഷയുമാണ് ദുബൈ കോടതി വിധിച്ചത്.കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ദുബായിലെ അല്‍ ബര്‍ഷ ഹൈറ്റ്‌സില്‍ നടന്ന സംഭവത്തിലാണ് ദുബായ് അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. പിഴ കൂടാതെ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് മുഴുവന്‍ പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ലബനാന്‍, കാനഡ, കാമറൂണ്‍, യുഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതികളില്‍ ഹോട്ടല്‍ മാനേജറും രണ്ട് ലൈഫ് ഗാര്‍ഡുകളും ഉള്‍പ്പെടും.ശിക്ഷാകാലവധിക്കുശേഷം പ്രതികളെ നാടുകടത്തണമെന്ന വിചാരണക്കോടതി വിധി അപ്പീല്‍ കോടതി പിന്‍വലിച്ചു.നീന്തല്‍കുളത്തില്‍ മതിയായ സുരക്ഷ ഒരുക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി, നീന്തല്‍ കുളത്തില്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ നിയമം പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആഗസ്റ്റ് രണ്ടിന് വൈകീട്ട് നാലോടെയാണ് കുട്ടി കളിക്കുന്നതിനിടെ നീന്തല്‍കുളത്തിലേക്ക് വീണത്. സംഭവ ദിവസം ഹോട്ടലില്‍ തിരക്കുള്ള ദിവസമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *