കെ എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ; വനിതാ കമ്മീഷൻ നേരും നെറിയും കാണിക്കണം; രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ. എം. ഷാജിക്ക് എതിരെ കേസെടുത്ത വനിതാ കമീഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമർശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകൾക്ക് എതിരുമാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മന്ത്രിയുടെ ഭാഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സി പി എമ്മിൻറെ പകപോക്കലിൻറെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ശാരീരികപീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ ഷാജിക്കെതിരെ കേസെടുത്തതിൻറെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെൺമക്കളെ വേട്ടയാടിയതുവരെയുള്ള നിരവധി വിഷയങ്ങളിൽ കമ്മിഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്. കമ്മീഷൻ രാഷ്ട്രീയമായി അധ:പതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സിപിഎം ഓർത്താൽ കൊള്ളാമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *