പാകിസ്താന് വേണ്ടി ചാരപ്രവർത്തനം: യുപിയിൽ യുവാവ് പിടിയിൽ

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് അറസ്റ്റിലായത്.

ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം.

ചോദ്യം ചെയ്യലിനായി ലഖ്നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇയാൾ പങ്കുവെച്ചതായി എടിഎസ് സംഘം സ്ഥിരീകരിച്ചു. ‘ഏകദേശം ഒമ്പത് മാസത്തോളം അരുണാചൽ പ്രദേശിൽ സൈന്യത്തിൽ താൽക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്’ -പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *