ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. ബ്രിട്ടീഷ് സിഖ് ആക്ടിവിസ്റ്റുകളാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞത്. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര തർക്കത്തിനിടയിലാണ് പുതിയ സംഭവം.

ആൽബർട്ട് ഡ്രൈവിൽ ഗ്ലാസ്കോ ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചർച്ചക്കായാണ് ദൊരൈസ്വാമി എത്തിയതെന്ന് ഖലിസ്താൻ അനുകൂല ആക്ടിവിസ്റ്റുകൾ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്നും ആക്ടിവിസ്റ്റുകൾ പറയുന്നു. ഇതിനിടെ, അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരിൽനിന്നും പഠിക്കേണ്ട ആവശ്യമില്ലെന്നും തീവ്രവാദത്തിനും അക്രമത്തിനും കാനഡ നൽകുന്ന അനുവാദമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി എസ്. ജയ്ശങ്കർ നടത്തിയ കൂടിക്കാഴ്ചയിലും പ്രശ്നം ചർച്ചയായിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉയർത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രം ബന്ധം വഷളായത്.

Leave a Reply

Your email address will not be published. Required fields are marked *