ബാഗില്‍ അധികമായി എന്തെങ്കിലുമുണ്ടോ ?; ബോംബുണ്ടെന്ന് യാത്രക്കാരന്‍; പിടിയിലായി

ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ വിദേശയാത്ര മുടങ്ങി, പോലീസ് പിടിയിലുമായി. ശനിയാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുപോയ എമിറേറ്റ്‌സ് വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരനാണ് യാത്ര മുടങ്ങിയത്.

ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചു. പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.

തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ ത്തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തില്ലെന്ന് വലിയതുറ എസ്.എച്ച്.ഒ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *