പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അര്‍ഹര്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്നാണ് കരുതുന്നത്. ഒരു കോടി പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ അപേക്ഷാ ഫോറം ഭാരതീയ പ്രവാസി ഫെഡറേഷന്‍ അച്ചടിച്ച് വിതരണം ചെയ്യും. അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കാന്‍ ഹെല്‍പ് ഡെസ്‌കുകളും ആരംഭിക്കും.
‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ഭാഗമായി ‘പവര്‍ റ്റു എംപവര്‍’ എന്നത് ‘പവര്‍ റ്റു എന്‍ആര്‍ഐ വോട്ടി’ലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ലോകത്തിലെ മുഴുവന്‍ പ്രവാസികളുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അനിവാര്യമാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള നടപടികളുടെ ആദ്യ ചുവടുവെപ്പാണ് തിരിച്ചറിയല്‍ രേഖ. 30 മില്യണ്‍ വരുന്ന പ്രവാസികള്‍ക്ക് ഇക്കാലമത്രയും സമ്മതിദാനാവകാശം വിനിയോഗിക്കാനായിട്ടില്ല. 18ആം ലോകസഭാ തെരഞ്ഞെടുപ്പില്‍ അതിന് മാറ്റം വരാന്‍ പ്രവാസ സമൂഹം ഒറ്റക്കെട്ടായി നിന്ന് ശക്തമായ കാമ്പയിന്‍ നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2022ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പണമയച്ച രാജ്യം ഇന്ത്യയാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ പറയുന്നത്. പണത്തിനായി മാത്രം പ്രവാസികളെ കറവപ്പശുക്കളായി കാണുന്ന വിലകുറഞ്ഞ സമീപനം തിരുത്തേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന് അനിവാര്യമാണ്. ഫിലിപ്പീന്‍സ് മുതല്‍ പാകിസ്താന്‍ വരെയുള്ള 93 രാഷ്ട്രങ്ങള്‍ തങ്ങളുടെ പ്രവാസീ പൗരന്മാര്‍ക്ക് സമ്മതിദാനാവകാശം അനുവദിക്കുമ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രം ഇതു വരെ അനുവദിക്കപ്പെട്ടിട്ടില്ല.പ്രവാസികള്‍ക്ക് മാത്രമായി ഒരു എന്‍ആര്‍ഐ ബാങ്ക് തുടങ്ങണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സഹകരണാടിസ്ഥാനത്തില്‍ ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന, പ്രവാസികള്‍ക്ക് ഉടമസ്ഥതയും നടത്തിപ്പും നല്‍കുന്ന ബാങ്കാണിത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാങ്കിന്റെ മാതൃകയിലാണ് എന്‍ആര്‍ഐ ബാങ്ക് വിഭാവനം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പീക്ക് സീസണില്‍ വിമാന കമ്പനികള്‍ പത്തിരട്ടി വരെ നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം നിലവിലെ നിരക്കിന്റെ ഇരട്ടി നിരക്ക് മാത്രമാക്കി മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. സര്‍വീസ് ഫ്രീക്വന്‍സി കൂട്ടിയും വിമാന കമ്പനികളുടെ എണ്ണം വര്‍ധിപ്പിച്ചും നിരക്ക് കുറക്കാവുന്നതാണ്.പ്രവാസി മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നത് വേഗത്തിലാക്കാനും, ഇക്കാര്യത്തിലെ സുതാര്യതക്കും കോണ്‍സുലേറ്റ് നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.
ഡിസംബറില്‍ സര്‍വീസ് തുടങ്ങുമെന്ന് പറഞ്ഞുകേള്‍ക്കുന്ന കപ്പല്‍ സര്‍വീസിന് സംഘടന പിന്തുണ നല്‍കുമെന്നും സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും സാരഥികള്‍ അഭിപ്രായപ്പെട്ടു. ഭാരതീയ പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കോയാട്ട്, സെക്രട്ടറി സജി ചെറിയാന്‍, കെ.കെ ശിഹാബ്, ജോര്‍ജ് നൈനാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. അജിത് കണ്ടല്ലൂര്‍, പ്രിയങ്ക സതീഷ് മനു എന്നിവരും സന്നിഹിതരായിരുന്നു.