കരുവന്നൂർ കള്ളപ്പണ ഇടപാട്: എം.കെ കണ്ണൻ സ്വത്ത് വിവരം ഹാജരാക്കണം; ഇഡി നോട്ടീസ്

കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം. എം.കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.

കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിർണ്ണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചർച്ച നടത്തുന്നത്. മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ സഹകരണ ബാങ്ക് പ്രസിഡന്റുമാർക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *