ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ ശിക്ഷ; പുതിയ നിയമം വന്നു

ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ ശിക്ഷ ദുബൈ എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന വിധം പുതിയ നിയമം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ഈ ചിഹ്നം ഉപയോഗിക്കാൻ മുൻകൂർ അനുമതി തേടിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ദുബൈ എമിറേറ്റിന്റെ ഈ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ചത്. ദുബൈയുടെ മൂല്യങ്ങളും ആദർശവും പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക ചിഹ്നം ദുബൈ എമിറേറ്റിന്റെ സ്വത്താണെന്ന് നിയമം വ്യക്തമാക്കുന്നു.

പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ വെബ്സൈറ്റുകൾ, രേഖകൾ എന്നിവയിൽ ഈ ചിഹ്നം ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത് ഉപയോഗിക്കാൻ അർഹതയുണ്ടെങ്കിലും അതിന് ദുബൈ ഭരണാധികാരിയുടോയോ, ഭരണാധികാരിയുടെ പ്രതിനിധിയുടോയോ മുൻകൂർ അനുമതി ലഭിച്ചിരിക്കണം. ചിഹ്നം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ നിയമനടപടികൾ നേരിടേണ്ടി വരും. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് നിയമം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *