വിവാഹ വാഗ്ദാനം നൽകി പീഡനം; ഷിയാസ് കരിം ചെന്നൈയിൽ പിടിയിൽ

സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീം പൊലീസ് പിടിയില്‍. ചെന്നൈയിൽ നിന്നും കാസർകോട് ചന്തേര പൊലീസാണ് പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിന്‍റെ വിവാഹനിശ്ചയം. ഇതിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

നേരത്തെ താന്‍ ജയിലില്‍ അല്ലെന്നും ദുബൈയിലുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പീഡനപരാതി കണ്ടെന്നും ഇത്തരം വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. താൻ നാട്ടിലേക്ക് എത്തുമെന്നും എല്ലാവരെയും നേർക്ക് നേർ കാണാം എന്നുമാണ് താരം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിംഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. വീരം, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഗാര്‍ഡിയന്‍,ക്യാപ്റ്റന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *