ക്രിക്കറ്റ് ലോകകപ്പ് ; ഉദ്ഘാന മത്സരത്തിൽ ന്യൂസീലൻഡിനോട് തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

ന്യൂസിലന്‍ഡിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്. ലോകകപ്പ് ഉദ്ഘാടന മല്‍സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കീവീസിന്റെ വിജയം. ഓപ്പണര്‍ ഡിവന്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും സെഞ്ചറിയുമായി പുറത്താകാതെ നിന്നു. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടിയ 282 റണ്‍സ്,ഒരുവിക്കറ്റ് നഷ്ടത്തിലാണ് കിവീസ് മറികടന്നത്.

അന്‍പതോവറില്‍ ഇംഗ്ലണ്ട് നേടിയ സ്കോര്‍ ന്യൂസീലന്‍ഡ് വെറും മുപ്പത്തിയേഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഡിവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും കുറിച്ചത് പുതുചരിത്രം. ആദ്യ മല്‍സരത്തില്‍ ടീം ഇന്ത്യ കളത്തിലില്ലായിരുന്നെങ്കിലും ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര ആരാധകര്‍ക്ക് ആനന്ദമായി. 96 പന്തില്‍ നിന്ന് 5 സിക്സറും 11 ഫോറും നേടി ലോകകപ്പില്‍ ന്യൂസീലന്‍ഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി കുറിച്ച് രചിന്‍. 19 ഫോറുകളും മൂന്ന് സിക്സറുമടക്കം 152 റണ്‍സുമായി ഡിവോണ്‍ കോണ്‍വേ കൂടി ചേര്‍ന്നതോടെ നിലവിലെ ചാംപ്യന്‍മാര്‍ തകർന്നടിഞ്ഞു.

ന്യുസീലൻഡ് ഓപ്പണര്‍ വില്‍യങ് ഗോള്‍ഡന്‍ ഡക്കായതോടെ ചിരിച്ച ഇംഗ്ലീഷുകാര്‍ക്ക് പിന്നെ മല്‍സരത്തിലൊരിക്കല്‍ പോലും നിലംതൊടാനായില്ല. ആദ്യം ബാറ്റുംചെയ്ത ഇംഗ്ലണ്ട് സ്ഥിരം ശൈലിയില്‍ തുടങ്ങിയെങ്കിലും കിവീസിന്റെ പകരക്കാരന്‍ നായകന്‍ ടോം ലാഥമിന്റെ ബോളിങ് ചേഞ്ചുകള്‍ക്ക് മുന്നില്‍ അടിതെറ്റി. എട്ടാം ഓവറില്‍ ആദ്യവിക്കറ്റ് നഷ്ടം. 118 ന് നാലെന്ന നിലയില്‍ പതറിയ ചാംപ്യന്‍മാര്‍ക്കായി റൂട്ട്- ബട്​ലര്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട്. ബട്​ലറെ മാറ്റ് ഹെന്‍‍റിയും 41ആം ഓവറില്‍ റൂട്ടിനെ ഗ്ലെന്‍ ഫിലിപ്സും മടക്കിയതോടെ ഇംഗ്ലണ്ട്  മുട്ടുമടക്കിയിരുന്നു. പത്താം വിക്കറ്റില്‍ ചേര്‍ത്ത 30 റണ്‍സാണ് സ്കോര്‍ 282ല്‍ എത്തിച്ചു. പക്ഷേ കിവീസിന് മുന്നിൽ ഇംഗ്ലീഷ് പടയ്ക്ക് പിടിച്ച് നിൽക്കാൻ അത് മതിയാകുമായിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *