ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു

‌ആക്രമണത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധിപേർ ബങ്കറുകളിൽ അഭയം തേടി. ഇന്നു രാവിലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസിന്റെ അവകാശവാദം. ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു. നിരവധിപേർക്കു പരുക്കേറ്റു. 35 ഇസ്രയേലി സൈനികരെ ബന്ദികളാക്കിയതായി ഹമാസ് വ്യക്തമാക്കി. 

ഗാസയ്ക്കു നേരേ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചു. ഹമാസ് കേന്ദ്രങ്ങളിലേക്കു വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു. 14 ഇടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായി ഇസ്രയേൽ സേന. യുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. യുദ്ധത്തിനു തയാറാണെന്നും ഇസ്രയേൽ സേന അറിയിച്ചു. തെക്കൻ ഇസ്രയേലിൽ താമസിക്കുന്നവർ വീടിനു പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. 60 ഹമാസ് പോരാളികൾ രാജ്യത്തേക്കു നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഇസ്രയേൽ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തെ യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *