കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്; 63 ലക്ഷം രൂപ അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയില്‍ ആവര്‍ത്തിച്ചു.

പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച്‌ ചോദ്യംചെയ്യലില്‍ അരവിന്ദാക്ഷൻ സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. അരവിന്ദാക്ഷനെയെും ജില്‍സിനെയും ഈ മാസം ഒൻപത് മുതല്‍ രണ്ടുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിടണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

രേഖകള്‍ ഹാജരാക്കിയുള്ള ചോദ്യംചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ച്‌ അരവിന്ദാക്ഷൻ സമ്മതിച്ചത്. ബാങ്കിന്റെ മുൻ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ് 4.25 കോടി രൂപയുടെ വായ്പ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരില്‍ തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണിത്.5.06 കോടി രൂപയുടെ ക്രമക്കേടുകള്‍ ജില്‍സ് വഴി നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. സി.കെ. ജില്‍സ് 2011 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11 വസ്തുവകകള്‍ വില്‍പ്പന നടത്തി. ഭാര്യയുടെ പേരിലുള്ള ആറു വസ്തുവകകളും ഈ കാലയളവില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.

ഒരു ദിവസം ചോദ്യംചെയ്തെങ്കിലും നിക്ഷേപം സംബന്ധിച്ച പൂര്‍ണമായ വിവരങ്ങളൊന്നും അരവിന്ദാക്ഷനും ജില്‍സും വെളിപ്പെടുത്തിയിട്ടില്ല. ബാങ്കില്‍ നടന്നത് ഒരു സംഘടിത കുറ്റകൃത്യമാണ്. രാഷ്ട്രീയനേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തം ഇതിലുണ്ട്. കേസിന്റെ വ്യാപ്തി കണക്കിലെടുക്കുമ്ബോള്‍ അന്വേഷണം പൂര്‍ത്തിയാകാൻ കൂടുതല്‍ സമയം ആവശ്യം വരുമെന്നും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *