ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിൽ ലാഭമെന്ന് വാ​ഗ്ദാനം നൽകി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകൾ; ബിസിനസുകാരന് നഷ്ടം 2.85 കോടി

ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടം 2.85 കോടി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നാല്‍പ്പതുകാരനെ ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്. ജൂലായ് 5-നും ഓഗസ്റ്റ് 16-നും ഇടയിലെ രണ്ടുമാസകാലയളവിലാണ് ബിസിനസുകാരന്‍ ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചുനല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നല്‍കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ആശയവിനിമയം നടത്താന്‍ ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. യൂസര്‍ ഐ.ഡി. നല്‍കി ഒരു വെബ്സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിന്‍ ചെയ്യിപ്പിച്ചു. ഇടുന്ന നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകള്‍ അപ്പപ്പോള്‍ കൃത്യമായി വെബ്സൈറ്റില്‍ കാണാമായിരുന്നു. സ്‌ക്രീന്‍ ഷോട്ടുകളും അപ്പപ്പോള്‍ അയച്ചുകൊടുത്തു.

മുപ്പതോളം തവണയാണ് ഇടപാട് നടത്തിയത്. ലാഭമുള്‍പ്പെടെ പണം പിന്‍വലിക്കണമെങ്കില്‍ ഒരുമാസം കഴിയണമെന്നും അറിയിപ്പുകിട്ടിയിരുന്നു. 2,85,82,000 രൂപ നിക്ഷേപിച്ച് അത് അഞ്ചുകോടിയുടെ അടുത്തെത്തിയ കണക്ക് കാണിച്ചപ്പോഴാണ് ബിസിനസുകാരന്‍ പണം പിന്‍വലിക്കാന്‍ മുതിര്‍ന്നത്. അപ്പോള്‍ 20 ശതമാനം ടാക്സ് അടയ്ക്കണമെന്ന നിര്‍ദേശം വന്നു. അതുതന്നെ എണ്‍പത് ലക്ഷത്തിലധികം വരുമെന്നു കണ്ടപ്പോഴാണ് നിക്ഷേപകന് സംശയംതോന്നിയത്. അങ്ങനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. വ്യാജ അക്കൗണ്ടുകള്‍ വഴി അപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. സൈബര്‍ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‍ഇത്രവലിയ തുകയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കോഴിക്കോട് രജിസ്റ്റര്‍ചെയ്യുന്നത് ഇതാദ്യമാണെന്ന് സൈബര്‍ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *