ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം അംഗം; എതിരാളികൾ അഫ്ഗാനിസ്ഥാൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം അംഗത്തിന് ഇറങ്ങുകയാണ് ഇന്ന് ടീം ഇന്ത്യ. താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ചില മത്സരങ്ങളിൽ ഇന്ത്യയെ വിറപ്പിച്ചിട്ടുള്ള ടീമും കൂടിയാണ് അഫ്ഗാനിസ്ഥാൻ. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. തുടക്കം പതറിയാൽ മുൻനിരയുടെ താളം തെറ്റുന്ന കാഴ്ച ആസ്ത്രേലിയക്കെതിരെയും കണ്ടതാണ് വിരാട് കോഹ്ലിയുടെയും കെ.എൽ.രാഹുലിന്‍റെയും വീരോചിത ചെറുത്ത് നിൽപ്പില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തോൽവിയായിരിക്കും അന്ന് ടീം ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുന്നോട്ട് പോക്കിൽ നിർണായകമാണ്.

കഴിഞ്ഞ മത്സരം ഡെങ്കി മൂലം കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ഇന്നും കളിക്കില്ല. ഇഷൻ കിഷൻ തന്നെ ഇന്നും ഓപ്പണറായി ഇറങ്ങും. ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്ലി അഫ്ഗാൻ പേസർ നവീൻ ഉൾ ഹക്കിന് മറുപടി നൽകുന്നതിന് കൂടി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസിബി ലക്നൗ മത്സരത്തിൽ കോഹ്ലിയും നവീനും കൊമ്പ് കോർത്തതും മത്സരശേഷം ലക്നൗ ടീം മെന്റർ ഗൗതം ഗംഭീർ കോഹ്ലിയുമായി ഉടക്കിയതും വൻ വിവാദമായിരുന്നു.

ബംഗ്ലാദേശിനോടേറ്റ തോൽവിയുമായി എത്തുന്ന അഫ്ഗാനിസ്താന് ഇന്നും കാര്യങ്ങൾ എളുപ്പമാകിനടയില്ല. ഇന്ത്യയെ മറികടക്കണമെങ്കിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ടീം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. സ്പിന്നർമാരാണ് അഫ്ഗാന്‍റെ ശക്തിയെങ്കിലും ഡൽഹിയിലെ പിച്ച് ബാറ്റിങ്ങിനെ അനുകൂലിക്കുന്നതിനാൽ അഫ്ഗാനിസ്താന് ഇതും തിരിച്ചടിയാണ്. 

Leave a Reply

Your email address will not be published. Required fields are marked *