റാസൽഖോർ റോഡിൽ രണ്ട് നടപ്പാലങ്ങൾ തുറന്നു

റാസൽഖോർ റോഡിൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) രണ്ട് നടപ്പാലങ്ങൾ തുറന്നു. ഈ വർഷം ആദ്യത്തിൽ പ്രഖ്യാപിച്ച ഏഴ് നടപ്പാലങ്ങളുടെ നിർമാണത്തിൻറെ ഭാഗമായാണ് രണ്ട് പദ്ധതികൾ പൂർത്തീകരിച്ചത്. ഗതാഗതമേഖലയിൽ സുരക്ഷയും കാൽനടക്കാർക്ക് മികച്ച സൗകര്യവും ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് പാലങ്ങൾ നിർമിച്ചതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മനോഹരമായ രൂപകൽപനയിലാണ് പാലങ്ങൾ നിർമിച്ചത്. ഏറ്റവും നൂതനമായ ഇലക്‌ട്രോ മെക്കാനിക്കൽ സംവിധാനം, മുന്നറിയിപ്പ് സംവിധാനം, അഗ്‌നിരക്ഷാ ഉപകരണങ്ങൾ, റിമോട്ട് മോണിറ്ററിങ് സംവിധാനം, പ്രത്യേക ബൈക്ക് റാക്ക്‌സ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഒരു പാലം ക്രീക്ക് ഹാർബറിനെയും റാസൽഖോർ ഇൻഡസ്ട്രിയൽ ഏരിയയേയും ബന്ധിപ്പിക്കുന്നതാണ്. ഇതിന് 174 മീറ്റർ നീളവും ഒരുഭാഗത്ത് 3.4 മീറ്ററും മറ്റൊരു ഭാഗത്ത് 4.1 മീറ്റർ വീതിയുമാണുള്ളത്. രണ്ടാമത്തെ പാലം മർഹബ മാളിനും നദ്ദ് അൽ ഹറമിലെ വസ്ൽ കോംപ്ലക്‌സിനും ഇടയിലായാണ് നിർമിച്ചത്. ഇതിന് 101 മീറ്റർ നീളവും 3.4 മീറ്റർ വീതിയുമുണ്ട്. രണ്ട് പാലങ്ങളും റോഡിൽനിന്ന് 6.5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങളൊരുക്കി അപകടങ്ങൾ കുറച്ചുകൊണ്ടുവരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ആർ.ടി.എയെന്ന് പ്രസ്താവനയിൽ അതോറിറ്റി ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ അബ്ദുല്ല അൽ അലി പറഞ്ഞു.

നടപ്പാതകൾ നിർമിക്കുന്നതിന് വിവിധ മാനദണ്ഡങ്ങൾ അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. കാൽനടക്കാർ കൂടുതലുള്ള സ്ഥലങ്ങൾ, ബസ് സ്‌റ്റോപ്പുകൾ, മാർക്കറ്റുകൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് സമീപം തുടങ്ങിയ സ്ഥലങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *