ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായി; ഫോൺ സ്വിച്ച് ഒഫ്

ഗുജറാത്തിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് അഹമ്മദാബാദ് – മുംബയ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായത്. ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച പുലർച്ചെയാണ് ഷീജ അഹമ്മദാബാദിൽ നിന്ന് മുംബയിലേയ്ക്ക് ട്രെയിൻ യാത്ര തിരിച്ചത്. ഒരു കേസിന്റെ ഭാഗമായി ബോംബെ ഹൈക്കോടതിയിലേക്കായിരുന്നു യാത്ര. ഗുജറാത്തിലെ വാപ്പി എന്ന സ്ഥലത്ത് എത്തുന്നതുവരെ ഇവർ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ശേഷം ഷീജയെ ഫോണിൽ വിളിച്ചിട്ട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ട്രെയിൻ മുംബയിൽ എത്തിയിട്ടും ഷീജയെ കണ്ടെത്താനായില്ല. വാപ്പിക്കും മുംബയ്ക്കും ഇടയിലാണ് ഷീജയെ കാണാതാകുന്നത് എന്നാണ് നിഗമനം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അവസാനമായി ഷീജയോട് ഫോണിൽ സംസാരിച്ചതെന്ന് മകൾ അനുഗ്രഹ നായർ ഒരു മാധ്യമത്തോട് പറഞ്ഞു. ഒരു വർഷം മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ട് അമ്മയെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നതായും അനുഗ്രഹ വെളിപ്പെടുത്തി. ഷീജയ്ക്കെതിരെ ഒരാൾ ബാർ കൗൺസിലിൽ വ്യാജ പരാതി നൽകിയിരുന്നു. പിന്നീട് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഈ പരാതിയും കേസും ഇപ്പോഴും നടക്കുന്നുണ്ടെന്നും അനുഗ്രഹ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *