വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് ; വിവിധ പദ്ധതികൾ വിലയിരുത്തി അവലോകന യോഗം

” മാലിന്യ മുക്ത നവകേരളം “

മാലിന്യമുക്ത കേരളത്തിന്‍റെ വിവിധ ഘടകങ്ങളുടെ പുരോഗതി വിലയിരുത്തി അവലോകന യോഗം. ന്യൂനതകള്‍ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തടസ്സം നേരിടുന്ന പ്രദേശങ്ങളില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കി യോഗങ്ങള്‍ നടത്തി പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.

” വിദ്യാകിരണം “

വിദ്യാകിരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ 141 സ്കൂളുകളും, 3 കോടി പദ്ധതിയില്‍ 385 സ്കൂളുകളും, 1 കോടി പദ്ധതിയില്‍ 446 സ്കൂളുകളും നവീകരണത്തിന്‍റെ ഘട്ടങ്ങളിലാണ്. 5 കോടി പദ്ധതിയിലെ 141ല്‍ 134 സ്കൂളുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏഴ് സ്കൂളുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള സ്കൂളുകളുടെ സവിശേഷമായ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണാന്‍ പ്രത്യേക ഇടപെടല്‍ യോഗങ്ങളിലുണ്ടായി.

” ആര്‍ദ്രം മിഷന്‍ “

ആര്‍ദ്രം മിഷന്‍റെ അവലോകനത്തില്‍, വിവിധ ഘടകങ്ങള്‍ സമഗ്രമായി വിലയിരുത്തി. ആശുപത്രി നവീകരണങ്ങള്‍, ലാബ് നെറ്റ് വര്‍ക്കുകള്‍ക്കായുള്ള ഹബ് ആന്‍റ് സ്പോക്ക് മോഡലിന്‍റെ വിപുലീകരണം, ഐസൊലേഷന്‍ ബ്ലോക്കുകളുടെ പൂര്‍ത്തീകരണം തുടങ്ങിയ നിര്‍ണായക ഘടകങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ ജില്ലകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും.

” ഹരിത കേരളം മിഷന്‍”

ഹരിത ടൂറിസം, കാര്‍ബണ്‍ പുറന്തള്ളല്‍ രഹിതമാക്കല്‍ തുടങ്ങി ഹരിതകേരളം മിഷന്‍റെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു.

” ലൈഫ് മിഷന്‍ “

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്‍റെ ഭാഗമായി 54,648 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 11,757 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു, ഏകദേശം 25,000 വീടുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെ മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും ലൈഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍റെ ഭാഗമായി നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

” ജലജീവന്‍ മിഷന്‍ “

കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഇതുവരെ 18,14,622 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍, റോഡ് കട്ടിങ് മുതലായ തടസ്സങ്ങള്‍ പദ്ധതിക്ക് ഉണ്ടെന്ന് യോഗങ്ങളില്‍ വിലയിരുത്തലുണ്ടായി. റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കാനുമുള്ള തീരുമാനങ്ങളാണ് ഉണ്ടായത്.

” കോവളം- ബേക്കല്‍ ജലപാത “

കോവളം ബേക്കല്‍ ജലപാതാ പദ്ധതിയുടെ വിവിധ റീച്ചുകളുടെ പുരോഗതി യോഗം വിലയിരുത്തി . ആദ്യ ഘട്ടമായ ആക്കുളം മുതല്‍ ചേറ്റുവ വരെ ഉള്ള ഭാഗം മാര്‍ച്ച് 2024 ഓട് കൂടി സഞ്ചാരയോഗ്യമാകും. വടക്കന്‍ ജില്ലകളില്‍ നിര്‍മിക്കുന്ന കനാലുകളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കി സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുവാനുള്ള നിര്‍ദേശങ്ങളാണ് യോഗത്തിൽ ഉണ്ടായത്.

” ദേശീയപാത “

എന്‍ എച്ച് 66 ന്‍റെ നിര്‍മ്മാണ പുരോഗതി പരിശോധിച്ചു. സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണമായെന്നും കേസുകള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ മാത്രമേ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കാന്‍ ബാക്കിയുള്ളു എന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലകളില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാർ യോഗങ്ങള്‍ കൂടും. പുതിയതായി വരുന്ന ദേശീയപാതകളുടെ അവലോകനത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുമരാമത്തു സെക്രട്ടറി വിളിച്ചു ചേര്‍ക്കും.

” മലയോര ഹൈവേ “

മലയോര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന മലയോര ഹൈവേ പദ്ധതി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം പൂര്‍ത്തിയായ കൊല്ലം ജില്ലക്ക് പുറമെ കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ കൂടി പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് കണ്ടത്.ഫോറസ്റ്റ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും.

” തീരദേശ ഹൈവേ “

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് കുഞ്ചത്തൂര്‍ വരെ നീളുന്ന തീരദേശ ഹൈവേ നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലാണ്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നു വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ ആകര്‍ഷകമായ നഷ്ടപരിഹാര പാക്കേജുകള്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി ചര്‍ച്ച നടത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി.

” വയനാട് ടണല്‍ റോഡ് “

വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട തുരങ്കപാത താമരശ്ശേരി ചുരത്തിന് ബദല്‍ റോഡ് ആകുകയും യാത്ര സമയം ചുരുക്കുകയും ചെയ്യും. നിലവില്‍ രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്‍റെ 19(1) നോട്ടിഫിക്കേഷന്‍ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അനുമതി ഈ വര്‍ഷം അവസാനത്തോട് കൂടി ലഭ്യമാക്കാന്‍ കഴിയും. ടണലിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാനും അടുത്ത മാര്‍ച്ചോടെ നിര്‍മാണോദ്ഘാടനം നടത്തുവാനും നാലു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനാണ് കണ്ടത്. 

Leave a Reply

Your email address will not be published. Required fields are marked *