ദിവ്യ എസ്. അയ്യർ വിഴിഞ്ഞം പോർട്ട് എം.ഡി; 6 ജില്ലകളിൽ കളക്ടർമാരെ മാറ്റി

കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. ആറ് ജില്ലാകളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കൊല്ലം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്.

എ. ഷിബു (പത്തനംതിട്ട), ജോൺ വി. സാമുവൽ (ആലപ്പുഴ), വി.ആർ. വിനോദ് (മലപ്പുറം), എൻ. ദേവിദാസ് (കൊല്ലം), അരുൺ കെ. വിജയൻ (കണ്ണൂർ), സ്നേഹിൽ കുമാർ സിങ് (കോഴിക്കോട്) എന്നിവരാണ് പുതിയ കളക്ടർമാർ. ഡോ. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ടിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു.

ആലപ്പുഴ കളക്ടർ ഹരിത വി. കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി. വി.ആർ. പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. അഫ്‌സാന പർവീൺ ഭക്ഷ്യസുരക്ഷാ കമ്മിഷണറാകും. സൗരഭ് ജെയിൻ തൊഴിൽവകുപ്പ് സെക്രട്ടറിയാകും. ഈ തസ്തികയിലുണ്ടായിരുന്ന അജിത് കുമാറിനെ ഡൽഹി റെസിഡന്റ് കമ്മിഷണറാക്കി.

പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനെ വനിത-ശിശുവികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. സാമൂഹ്യനീതി ഡയറക്ടർ ചേതൻ കുമാർ മീണയെ ഡൽഹി കേരള ഹൗസിന്റെ റെസിഡന്റ് കമ്മിഷണറാക്കി. വാട്ടർ അതോറിറ്റി ജോയന്റ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവത്തിന് ഭൂജലവകുപ്പ് ഡയറക്ടറുടെ ചുമതലകൂടി നൽകി. കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടറായ കെ. സുധീറിന് പ്രവേശന പരീക്ഷാകമ്മിഷണറുടെ അധികച്ചുമതലകൂടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *