കോണ്‍ഗ്രസ് എ.കെ.ജി സെന്ററില്‍ അറിയിച്ചിട്ടല്ല ആളുകളെ ക്ഷണിക്കുന്നത്: വി.ഡി സതീശന്‍

എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ട. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പി.ആര്‍. ഏജന്‍സിയെക്കുറിച്ച് തന്നോട് പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

‘സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കോണ്‍ഗ്രസ് നേതാക്കളുടെ കമ്മിറ്റിയിലെ അംഗവുമാണ്. കോവിഡ് കാലത്തെ പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍. ഏജന്‍സി ഏതെന്നത് തന്നോട് പറയിപ്പിക്കേണ്ട. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജന്‍സി ഏതെന്ന് പറയിപ്പിക്കേണ്ട. ഏജന്‍സിക്കുള്ള പബ്ലിസിറ്റി എന്റെ നാവില്‍ക്കൂടി വരണ്ട.

ബോംബെയില്‍നിന്നുവന്ന ഏജന്‍സിയുടെ ആളുകള്‍ ഇവിടെ ഇപ്പോള്‍ എത്രയുണ്ട്? തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പ് അസംബ്ലിയുടെ ഗ്യാലറിയില്‍വരെ മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും കൊണ്ടുവന്ന പി.ആര്‍. ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നു. രണ്ട് കണ്ണിലും തിമിരം ബാധിച്ചൊരാള്‍ മറ്റുള്ളവരെ നോക്കി അവര്‍ക്ക് കാഴ്ചയില്ലെന്നു പറയുന്നു’ സതീശന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ഇനി പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ചെങ്കില്‍ തന്നെ എന്താണ് തെറ്റ്? പി.ആര്‍. ഏജന്‍സി ഉപയോഗിക്കാത്ത ഏത് രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഇന്ത്യയിലുള്ളത്? സുനില്‍ കനഗോലും കോണ്‍ഗ്രസ് അംഗമാണ്. ടാസ്‌ക് ഫോഴ്‌സില്‍ അംഗമായി. ക്ലിഫ് ഹൗസില്‍ എത്ര പി.ആര്‍. ഏജന്‍സികളെ മുഖ്യമന്ത്രി കയറ്റിയിരുത്തിയെന്നും സതീശന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് നന്നായി ചെയ്യാനറിയാമെന്ന് രണ്ട് ഉപതിരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തമായ ഒരു നേതൃത്വം യു.ഡി.എഫിനും കോണ്‍ഗ്രസിനുമുണ്ട്. ചിലപ്പോള്‍ പി.ആര്‍. ഏജന്‍സിയുടെ സഹായം തേടിയെന്നിരിക്കും. കരുവന്നൂര്‍ തട്ടിപ്പുകേസിലെ ഒന്നാംപ്രതി സതീഷ്‌കുമാര്‍ വി.ഡി. സതീശനാണെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരാണ് സി.പി.എമ്മുകാരെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *