എക്സൈസിന്റെ പരിശോധനയ്ക്കിടെ സ്ഥാപന ഉടമ കുഴഞ്ഞു വീണ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ പരാതി

കൊല്ലം പത്തനാപുരത്ത് എക്സൈസിന്റെ പരിശോധനയ്ക്കിടെ സ്ഥാപന ഉടമ കുഴഞ്ഞു വീണ് മരിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി. എക്സൈസ് ഉദ്യോഗസ്ഥർ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പത്തനാപുരം പിടവൂർ സ്വദേശി സുരേഷ്കുമാറാണ് എക്സൈസിന്റെ ഭാ​ഗത്തുനിന്നും സമയോചിതമായ ഇടപെടൽ വൈകിയതിനെ തുടർന്ന് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയെന്ന് വീട്ടുകാർ അറിയിച്ചു.

യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് സുരേഷ്കുമാറിന്റെ ബന്ധുക്കളുടെ പരാതി. സുരേഷ്കുമാറിനെ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കിയതു കൊണ്ടാണ് കുഴഞ്ഞുവീണതെന്നും ആരോപണം. കൃത്യമായ സൗകര്യങ്ങൾ ഉള്ള ആശുപത്രി അടുത്തുണ്ടായിരുന്നിട്ടു അവിടേക്ക് എത്തിക്കാതെ പകരം മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. അതും മരണത്തിനുകാരണമായെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടുകാർ പത്തനാപുരം പോലീസിൽ പരാതി നൽകി. അതേസമയം വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് കുന്നിക്കോട് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

സുരേഷ്കുമാർ കുറച്ചു ദിവസം മുൻപാണ് പറങ്കിമാംമുകൾ ജംക്ഷനിൽ ആയുർവേദ ഫാർമസി തുടങ്ങിയത്. കഴിഞ്ഞദിവസം വൈകിട്ട് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് മരുന്നുകടയിൽ എത്തി. സംസാരിച്ചു നിൽക്കുന്നതിനിടെ സുരേഷ്കുമാർ കുഴഞ്ഞുവീണു. പിന്നീട് പത്തനാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *