മഹുവ മൊയിത്ര ഇന്ത്യയിലുള്ളപ്പോൾ പാർലമെൻറ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചു; ആരോപണവുമായി ബിജെപി എംപി

മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തിൽ തൃണമൂൽ കോൺഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു.

മഹുവ മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്‌തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്‌സഭ എത്തിക്‌സ് കമ്മറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഹിരാനന്ദാനി ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെൻറർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോൾ മഹുവ മൊയിത്രയെ പൂർണമായും കൈയൊഴിയുകയാണ് തൃണമൂൽ കോൺഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *