‘അത് സഹോദരിയടക്കം പങ്കെടുത്ത ആഘോഷത്തിലെ ചിത്രം’; തരംതാണ രാഷ്ട്രീയമെന്ന് തരൂർ

തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. തന്റെ സഹോദരിയടക്കം 15-ഓളം പേർ പങ്കെടുത്ത പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചത്. പിന്നിൽ തരംതാണ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തനിക്ക് അവർ കുട്ടിയാണ്. തന്നേക്കാൾ 10-20 വയസ്സ് താഴെയുള്ള എം.പിയാണ്. പിറന്നാളിന്റെ ആവേശത്തിൽ ആളുകൾ കുറച്ചൊക്കെ റിലാക്സ് ചെയ്ത സമയത്തെ ചിത്രങ്ങളാണ്. ചിത്രം പുറത്തുവിട്ടത് അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്നത്തിന്റെ ഭാഗമായാണ്. അതിൽ എനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മനുഷ്യരെ താഴ്ത്തിക്കെട്ടാൻ എന്തുവേണമെങ്കിലും ശ്രമിക്കും. താനിതിനെ ഗൗരവമായി എടുത്തിട്ടില്ല, എടുക്കാൻ പോകുന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂരും മഹുവയും അത്താഴവിരുന്നിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിലുള്ള മറ്റുള്ളവരെ നീക്കംചെയ്താണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ മഹുവ തന്നെ രംഗത്തെത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *