എങ്ങനെ സെന്‍സര്‍ കിട്ടി; തമന്നയുടെ ‘കാവലയ്യ’ സ്റ്റെപ്പ് വൃത്തികേട്: മന്‍സൂര്‍ അലി ഖാന്‍

വില്ലന്‍ റോളുകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മന്‍സൂര്‍ അലി ഖാന്‍. ക്യാപ്റ്റന്‍ പ്രഭാകരന്‍ അടക്കം ഇദ്ദേഹം തകര്‍ത്ത് അഭിനയിച്ച വില്ലന്‍ വേഷങ്ങള്‍ അനവധിയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി സിനിമയില്‍ ആദ്യം ഹീറോയായി ആലോചിച്ചത് മന്‍സൂര്‍ അലി ഖാനെയാണ് എന്നത് ലോകേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്‍റെ തിരിച്ചുവരവും ലോകേഷ് ചിത്രത്തിലൂടെയാണ്. വന്‍ വിജയത്തിലേക്ക് കുതിക്കുന്ന ലിയോയില്‍ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എത്തുന്നുണ്ട്.

പലപ്പോഴും അതിരുവിട്ട പ്രതികരണത്തില്‍ വിവാദത്തിലാകുന്ന താരം കൂടിയാണ്  മന്‍സൂര്‍ അലി ഖാന്‍. മുന്‍പ് തമിഴ് താരം വിവേക് അന്തരിച്ചപ്പോള്‍ മരണകാരണം കൊവിഡ് വാക്സിനാണ് എന്നതടക്കം പറഞ്ഞ താരം കേസിലും മറ്റും പെട്ടിരുന്നു. ഇപ്പോഴിതാ പുതിയ ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്  മന്‍സൂര്‍ അലി ഖാന്‍. ജയിലര്‍ സിനിമയിലെ ‘കാവലയ്യ’ എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച കമന്‍റുകളാണ് വിവാദമാകുന്നത്. 

മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച  സരകു എന്ന പടത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരുന്നു. അതിലായിരുന്നു വിവാദ പ്രസ്താവന. സെന്‍സര്‍ ബോര്‍ഡ് സരകു സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിയതില്‍ നിരാശയുണ്ട്. എന്താണ് ജയിലറിന് അത് ബാധകമാകത്തത് എന്നാണ് മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചത്. 

ജയിലര്‍ സിനിമയിലെ കാവലയ്യ എന്ന ഗാനത്തില്‍ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്നും അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്നും ചുവടുകൾ അനുകരിച്ചുകൊണ്ട് മൻസൂർ അലി ഖാന്‍ ചോദിച്ചു. ഇത്തരം ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. മന്‍സൂറിന്‍റെ വീഡിയോ വൈറലായത്തോടെ വലിയ രീതിയിലുള്ള വിമർശനമാണ് നടനെതിരെ ഉയരുന്നത്.

നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ വന്‍ ബോക്സോഫീസ് വിജയമാണ് നേടിയിരുന്നത്. രജനികാന്ത് നായകനായ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു.  ചിത്രത്തിലെ കാവലയ്യ ഗാനം വന്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *