ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ അനൂകൂല നിലപാടുമായി ദേശീയ നിയമകമ്മീഷൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല നിലപാടുമായി ദേശീയ നിയമകമ്മീഷൻ. ഇതുസംബന്ധിച്ച നിലപാട് കമ്മീഷൻ ഇന്ന് രാംനാഥ് കോവിന്ദ് സമിതിയെ അറിയിക്കും. അടുത്ത ആഴ്ച്ചയോടെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് കമ്മീഷൻ സമിതിക്ക് കൈമാറുമെന്നാണ് വിവരം.  

ഇന്ന് വൈകുന്നേരമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതയുടെ യോഗം ചേരുന്നത്. സമിതിയുടെ രണ്ടാമത്തെ യോഗമാണിത്. നിയമകമ്മീഷനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. യോഗത്തിൽ ദേശീയ നിയമകമ്മീഷൻ ചെയർമാൻ റിതു രാജ് അവസ്തി, കമ്മീഷനിലെ അംഗമായ ഡോ ആനന്ദ് പല്ലിവാൾ എന്നിവരാകും പങ്കെടുക്കുക.

2029 ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താനുള്ള നടപടികൾക്കായുള്ള രൂപരേഖ യോഗത്തിൽ നിയമകമ്മീഷൻ നൽകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്. എന്നാൽ വിശദമായ റിപ്പോർട്ട് നൽകാൻ ഒരു ആഴ്ച്ച കൂടി സമയം വേണ്ടിവരുമെന്നാണ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന വിവരം. 

ഏകീകൃത തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടികളും നിലവിലെ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും അടങ്ങിയ വിശദറിപ്പോർട്ടാണിത്. അതെസമയം ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾക്ക് കുറച്ചു കൂടി സവാകാശം വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒരു വർഷമെങ്കിലും തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായം തേടാൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *