രാഹുലിന്‍റെ മരണകാരണം ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയോ?; നിര്‍ണായക പോസ്റ്റ്മോര്‍ട്ടം രക്തപരിശോധന ഫലം ഇന്നറിയാം

ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട രാഹുലിൻ്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് രാഹുലിൻ്റെ പോസ്റ്റ്മോര്‍ട്ടം നടക്കുക. സംസ്ഥാനത്ത് ഷവര്‍മ കഴിച്ചുള്ള മരണമാണോ രാഹുലിൻ്റെ കാര്യത്തില്‍ സംഭവിച്ചത് എന്നറിയുന്നതില്‍ നിര്‍ണായകമാണ് പോസ്റ്റ്മോര്‍ട്ടം. അതുകൊണ്ട് തന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് ഏവരും.

രാഹുലിൻ്റെ രക്ത പരിശോധഫലവും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഈ രണ്ട് ഫലങ്ങളും ഇന്ന് കിട്ടിയേക്കും. ഇവ രണ്ടും പരിശോധിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

24 വയസ് മാത്രമുള്ള രാഹുല്‍ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്നലെ ഉച്ചയോടെ പരാജയപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2.55 നാണ് രാഹുലിൻ്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. രാഹുലിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് മെഡിക്കല്‍ ബുള്ളറ്റിൻ പറയുന്നത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു രാഹുല്‍. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികില്‍സിച്ചതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലില്‍ നിന്നാണ് ഷവര്‍മ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.

ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ രാഹുലെ ഈ ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ 2.55 ഓടെ യുവാവ് മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *