ഉൽക്കയും കണ്ടില്ല റിംഗ് ഓഫ് ഫയറും കണ്ടില്ല; 29ലെ ചന്ദ്രഗ്രഹണം കാണാൻ കഴിയുമോ..?

ഈ മാസം 28-29ലെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർ. കാരണം, അടുത്തിടെ ഭൂമിയുടെ സമീപത്തൂടെ കടന്നുപോയ ഉൽക്കയെ ദർശിക്കാനുള്ള ശ്രമം പാളിയിരുന്നു. മാത്രമല്ല, ഇക്കഴിഞ്ഞ 14ലെ റിംഗ് ഓഫ് ഫയർ എന്ന പ്രതിഭാസവും ഇന്ത്യക്കാർക്കു കാണാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ നിരാശപൂണ്ടവർക്ക് 29ലെ ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്.

ഒക്ടോബർ 28-29 ദിവസങ്ങളിൽ അർധരാത്രിയോടെ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. 28ന് അർധരാത്രിയിൽ ചന്ദ്രൻ ഭൂമിയുടെ പെൻബ്രൽ നിഴലിലേക്ക് എത്തുമെന്നും തുടർന്ന് 29ന് പുലർച്ചെ 1.06 മുതൽ 2.2 വരെയുള്ള സമയത്ത് കുടപോലെ നീങ്ങിത്തുടങ്ങുന്ന അമ്പ്രൽ ഫെയ്സ് ആരംഭിക്കുകയും ചെയ്യും. ഗ്രഹണത്തിൻറെ ആകെ ദൈർഘ്യം ഒരു മണിക്കൂർ 19 മിനിറ്റ് ആയിരിക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

നേർദിശയിലുള്ള ചന്ദ്രനും സൂര്യനുമിടയിൽ ഭൂമി കൃത്യമായി സ്ഥാനം പിടിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്‌പോൾ, ചന്ദ്രൻ മറഞ്ഞനിലയിൽ ആയിരിക്കും. പൂർണചന്ദ്രഗ്രഹണത്തിൽ ചന്ദ്രനെ കടുംചുവപ്പ് നിറത്തിലാവും കാണാനാവുക അതേസമയം, 29ലേതു ഭാഗികചന്ദ്രഗ്രഹണം ആയിരിക്കും. അടുത്ത ചന്ദ്രഗ്രഹണത്തിനായി 2025 സെപ്റ്റംബർ ഏഴു വരെ കാത്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *