സൗദി അറേബ്യ: നാലാമത് റിയാദ് സീസൺ ആരംഭിച്ചു

റിയാദ് സീസണിന്റെ നാലാമത് പതിപ്പിന് 2023 ഒക്ടോബർ 28, ശനിയാഴ്ച തുടക്കമായി. അതിഗംഭീരമായ കലാപരിപാടികളോടെയാണ് റിയാദ് സീസണിന്റെ നാലാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത്. സൗദി ജനറൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അഡൈ്വസർ തുർക്കി ബിൻ അബ്ദുൽമൊഹ്സിൻ അൽ അൽ-ഷെയ്ഖ് റിയാദ് സീസണിന്റെ നാലാമത് പതിപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റിയാദ് സീസൺ 2023-ന്റെ ഉദ്ഘാടന ചടങ്ങുകൾ ജനബാഹുല്യം കൊണ്ടും, കായികതാരങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന മിക്‌സഡ് മാർഷ്യൽ ആർട്‌സ് മത്സരത്തിൽ വേൾഡ് ബോക്‌സിങ്ങ് കൗൺസിൽ ഹെവിവെയ്റ്റ് ചാമ്പ്യൻ ടൈസൺ ഫ്യൂറി കിരീടം നേടി. മിക്‌സഡ് മാർഷ്യൽ ആർട് ഫൈറ്റർ ഫ്രാൻസിസ് ന്ഗാനൗവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾ, കലാകാരൻമാർ, ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള ലോകോത്തര കായികതാരങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഏഴ് ദശലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കുന്ന ഈ മേള ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു. ഈ സീസണിൽ കൂടുതൽ വിനോദപരിപാടികൾ, വേദികൾ എന്നിവ ഉണ്ടാകുമെന്ന് സൗദി ജനറൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് നേരത്തെ അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിനോദമേഖലയും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുന്നു. ബുലവാർഡ് വേൾഡ്, ബുലവാർഡ് റിയാദ് സിറ്റി, കിങ്ഡം അരീന, ടെരാസാ,വണ്ടർ ഗാർഡൻ, വയ റിയാദ്, റിയാദ് ഫുഡ് ട്രക്ക്‌സ് പാർക്ക്, റോഷൻ ഫ്രണ്ട്, ഗ്രോവ്‌സ്, റിയാദ് സൂ, സുവൈദി പാർക്ക്, സൂഖ് അൽ അവലീൻ എന്നിവയാണ് റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള 12 വ്യത്യസ്ത വിനോദ മേഖലകൾ. ഇത്തവണത്തെ റിയാദ് സീസൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://riyadhseason.com/en-US എന്ന വിലാസത്തിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *