ഏകദിന ലോകകപ്പ്; ഇന്ന് ദക്ഷിണാഫ്രിക്ക – ന്യൂസിലൻഡ് പോരാട്ടം

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക വമ്പൻ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂനെയിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഇന്ത്യയെ പിൻതള്ളി ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് ഉയരും. അതേസമയം സെമി സാധ്യതകള്‍ കൂടുതൽ സങ്കീര്‍ണമാകാതിരിക്കാന്‍ ന്യൂസിലന്‍ഡിന് ഇന്ന് ജയം അനിവാര്യമാണ്.

ദിവസങ്ങൾക്കിടെ ലോകകപ്പ് വേദിയിയിൽ ന്യൂസിലൻഡും ദക്ഷിണാഫ്രിയും രണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. ഞായറാഴ്‌ച നടന്ന റഗ്ബി ലോകകപ്പ് ഫൈനലിൽ ഒറ്റപോയിന്‍റിന് ന്യൂസിലൻഡിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായിരുന്നു. ക്രിക്കറ്റ് ലോകപ്പിൽ കളമൊരുങ്ങുന്നതാവട്ടെ സെമിയിൽ കണ്ണും നട്ടിരിക്കുന്ന ടീമുകളുടെ സൂപ്പര്‍പോരാട്ടത്തിനാണ്. പോയിന്‍റ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും. ക്വിന്‍റൻ ഡി കോക്ക് നയിക്കുന്ന ബാറ്റിംഗ് നിരയും കാഗിസോ റബാഡയുടെ ബൗളിംഗ് നിരയും മിന്നിച്ചാൽ ആറാം ജയത്തിനൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാനാകും. ചെന്നൈയിലെ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഇത്തവണ പടിക്കൽ കലമുടക്കാൻ വന്നതല്ലെന്ന സൂചനയും നൽകിക്കഴിഞ്ഞു തെംബാ ബാവുമയും സംഘവും.

അതേസമയം നാല് ജയങ്ങളുമായി കുതിക്കുകയായിരുന്ന കീവിസ് ഇന്ത്യയോടും ഓസ്ട്രേലിയയോടും തോറ്റ് നിലവില്‍പരുങ്ങലിലാണ് . ഇനിയൊരു തോൽവി ന്യൂസിലൻഡിന്‍റെ സെമി സാധ്യതകൾ സങ്കീര്‍ണമാക്കും. പരിക്കേറ്റ ക്യാപ്റ്റൻ കെയ്‌ൻ വില്ല്യംസണ്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ക് ചാപ്‌മാൻ എന്നിവരുടെ കാര്യത്തിൽ പുരോഗതിയുള്ളത് കിവികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ വില്യംസണ്‍ അടക്കമുള്ളവര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാനാവുമോ എന്നതിൽ ഇന്നേ തീരുമാനമുണ്ടാവൂ.

ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ മൃഗീയ ആധിപത്യമുള്ളതിലാണ് ന്യൂസിലന്‍ഡിന്‍റെ പ്രതീക്ഷ. ന്യൂസിലൻഡിന് എട്ടിൽ ആറെണ്ണം ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മത്സരങ്ങള്‍ മാത്രമേ നേടാനായുള്ളൂ. പൂനെയിലെ റണ്ണൊഴുകും പിച്ചിൽ ശക്തമായ ബാറ്റിംഗ് നിരയുള്ള ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ വമ്പൻ സ്കോര്‍ തന്നെ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. 

Leave a Reply

Your email address will not be published. Required fields are marked *