മോശം ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുന്നതാണ് പ്രശ്‌നം: പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് ബിജെപി വക്താവ്

കേന്ദ്രം ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകിയെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെ പരിഹസിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്യ. മോശം ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുന്നതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണിൽ മാൽവെയർ ആക്രമണം ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവുമായി ചൊവ്വാഴ്ച രാവിലെയാണ് വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് ഗൗരവ് ഭാട്യയുടെ പരിഹാസം.

‘ഞങ്ങൾ സൈബർ വിദഗ്ധരുമായി സംസാരിച്ചു. ഇന്ത്യയോടു ശത്രുതയുള്ള ചില രാജ്യങ്ങൾ ഇത്തരത്തിൽ ചാരപ്പണി നടത്തുന്നതിൽ വിദഗ്ധരാണ്. അത്തരത്തിലുള്ള വെബ്‌സൈറ്റുകളിൽ കയറി തെറ്റായ ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുമ്പോഴാണ് മാൽവെയറും സ്‌പൈവെയറുമൊക്കെ നിങ്ങളുടെ ഫോണിൽ കയറുന്നത്.’  ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയെ പേരെടുത്തു പറഞ്ഞും അദ്ദേഹം അധിക്ഷേപിച്ചു. ‘രാഹുൽ ഗാന്ധി, മൊബൈൽ ഫോൺ നല്ല രീതിയിൽ ഉപയോഗിക്കണമെന്നാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്. ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയോ അത്തരം വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യരുത്. അത് ഇന്ത്യക്കാർക്ക് യോജിച്ചതല്ല’ – ഭാട്യ പറഞ്ഞു.

ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കൾ ആരും തന്നെ ഇതുവരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഇത്തരം തെറ്റായ മുന്നറിയിപ്പുകൾ വരുമെന്ന് ആപ്പിൾ കമ്പനി നേരത്തെ അറിയിച്ചിട്ടുള്ളതാണ്. രാഹുൽ ഗാന്ധിയും മറ്റുള്ള നേതാക്കളും എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് അറിയില്ല. അവർ പൊലീസിൽ പരാതി നൽകുകയോ ഇതു സംബന്ധിച്ച് ആപ്പിൾ കമ്പനിയെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മറിച്ച് രാഷ്ട്രീയം കളിക്കുകയാണ് ചെയ്തിട്ടുള്ളത്’- ഭാട്യ കുറ്റപ്പെടുത്തി.

ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്‌സ് പ്ലാറ്റ്‌ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് വിവിധ നേതാക്കൾ രംഗത്തെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *