ന്യൂസ് ക്ലിക്കിന്റെ ഹർജി മാറ്റി; ദീപാവലി കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രിംകോടതി

ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയുടെ ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ദീപാവലി അവധി കഴിഞ്ഞു പരിഗണിക്കാമെന്നു ജസ്റ്റിസ് ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. 71 കാരനായ പുർകായസ്ഥയുടെ അനാരോഗ്യം ചൂണ്ടികാട്ടിയിട്ടും കോടതി ഇടപെട്ടില്ല.

ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന് ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചെന്നതായിരുന്നു ന്യൂസ് ക്ലിക്കിനെതിരെയുള്ള കേസ്. യുഎപിഎ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രബീർ പുരകായസ്ഥയും ന്യൂസ് ക്ലിക്ക് എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയും കോടതിയെ സമീപിച്ചത്. ചൈനയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും കേസ് കെട്ടച്ചമച്ചതാണെന്നും ന്യൂസ് ക്ലിക്ക് ഡൽഹി ഹൈക്കോടതിയിൽ വാദിച്ചെങ്കിലും നടപടികളുണ്ടായില്ല. തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ ദീപാവലി അവധി കഴിഞ്ഞ് ആദ്യ കേസായി തന്നെ പരിഗണിക്കാം എന്നറിയിച്ച് കോടതി കേസ് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാസവും എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അന്ന് മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. ദസറ അവധി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് അന്ന് കോടതി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *